ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ ഡൽഹി ചലോ മാർച്ചിൽ സംഘർഷം. സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ച് കോടതി പരിസരത്തുനിന്ന് 200 മീറ്റർ അകലെ പൊലിസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ബാരിക്കേഡുകൾ തള്ളിനീക്കിയും അതിനു മുകളിൽ കയറിയും പ്രതിഷേധിക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും സംയമനം പാലിക്കണമെന്ന് നേതാക്കൾ നിർദേശിച്ചു. ബാരിക്കേഡിന് സമീപമെത്തിയ പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് പിന്തിരിപ്പിച്ചു. ഇതിനിടെ പൊലിസും പ്രവർത്തകരും തമ്മിൽ പലതവണ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധം നിയന്ത്രിക്കാൻ പ്രവർത്തകരോട് ശാന്തരാകാൻ നേതാക്കൾ ആവശ്യപ്പെട്ടു. സംഘർഷത്തിലേക്ക് നീങ്ങരുതെന്ന സന്ദേശവും നേതാക്കൾ നൽകി. എന്നാൽ വിവിധയിടങ്ങളിൽ പ്രവർത്തകരും പൊലിസും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. ഫുട്പാത്തിൽ നിന്നവരെപ്പോലും പൊലിസ് ഒഴിപ്പിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ കൂടുതൽ ശക്തമായി.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നീക്കാനും പൊലിസ് ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം സുപ്രീംകോടതി മാർച്ചിനിടെ ഗ്യാനേഷിനെതിരെ രാഹുൽ ഗാന്ധി ഹർജി നൽകി. ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.